ഒരു വിദ്യാർഥി(നി)യുടെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ കാലമാണിപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്നു പറഞ്ഞാൽ അതൊരതിശയോക്തിയാവുകയില്ല. ഇന്റര്‍നെറ്റിന്റെ വ്യാപകമായ നുഴഞ്ഞുകയറ്റം കാരണം പലവിധത്തിലുള്ള ശ്രദ്ധ തിരിയൽ വർദ്ധിച്ചിരിക്കുന്നത് കൂടാതെ, പഠനരംഗത്തു നിരന്തരം വർദ്ധിച്ചുവരുന്ന മത്സരം കോളേജ് അഡ്മിഷനു വേണ്ട മിനിമം മാർക്ക് മാനദണ്ഡം എത്തിപ്പിടിക്കുവാൻ കഴിയാത്ത വിധം ഉയരുവാനും കാരണമായിരിക്കുന്നു. ഡൽഹിയിലെ ചില കോളേജുകള്‍ 100% മാർക്കാണ് അഡ്മിഷനുള്ള ആദ്യഘട്ട യോഗ്യതയായി നിശ്ചയിച്ചിരിക്കുന്നത്. പരീക്ഷകളിൽ ഒരേയൊരു മാർക്കിന്റെ തെറ്റു പറ്റിപ്പോകുന്ന വിദ്യാർഥി(നി)കളുടെ കാര്യമാലോചിക്കുമ്പോൾ, അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്നാശിച്ചുപോവുകയാണ്.
ഇതാണ് ഹയർ സെക്കന്ററി വിദ്യാർഥി(നി)കളിലും കോളേജ് വിദ്യാർഥി(നി)കളിൽ പോലും, ഉത്കണ്ഠാരോഗങ്ങൾ വർദ്ധിച്ചുവരുന്നതിന്റെ ഒരു മുഖ്യകാരണം. എന്നു മാത്രമല്ല, അതൊരു വിഷമവൃത്തത്തിനു തുടക്കം കുറിക്കുകയും ചെയ്യുന്നു - അതിയായ ഉത്കണ്ഠ സഫലതയിലും ഏകാഗ്രതയിലും കുറവു വരുത്തുന്നു, അതു തിരികെ ഉത്കണ്ഠയ്ക്കു കാരണമാകുന്നു. ഇതു മറികടക്കുവാനുള്ള ഒരേയൊരു മാര്‍ഗം, ശ്രദ്ധ കേന്ദ്രീകരിക്കുവാനുള്ള ശേഷി വളർത്തിയെടുക്കുക എന്നതു മാത്രമാണ്.
ഏകാഗ്രതാശേഷി വർദ്ധിപ്പിക്കുവാനുള്ള നല്ല മാർഗ്ഗങ്ങളിലൊന്നാണ് യോഗ. മൊബൈല്‍ ഫോണുകളുടെ അമിതമായ ഉപയോഗം കാരണം ഇക്കാലത്തു വിദ്യാർഥി(നി)കള്‍ വ്യായാമമില്ലാത്ത ജീവിതമാണ് ജീവിച്ചുപോരുന്നത്. അവരുടെ പഠനവും ഒഴിവുസമയങ്ങളുമെല്ലാം ഡിജിറ്റല്‍ സ്ക്രീനുകൾക്ക് ചുറ്റുമായിത്തന്നെ ഒതുങ്ങിപ്പോവുന്നു. ഇവിടെയാണ് യോഗയുടെ ബഹുമുഖ ഉപയുക്തത സഹായമായി വരുന്നത്. യോഗാസനങ്ങളും മുറകളും ഏകാഗ്രതാശേഷി വര്‍ധിപ്പിക്കുക മാത്രമല്ല, ശാരീരികാരോഗ്യം മെച്ചപ്പെടുത്തുവാ ൻ സഹായിക്കുകയും ചെയ്യുന്നു.
അതിനു പുറമെ, യോഗയുടെ പ്രഭാവം മനസ്സിനെ ശ്രദ്ധേയമാംവിധം ശാന്തമാക്കുകയും, അതുവഴി ഒരേസമയംതന്നെ സ്വസ്ഥമായിരിക്കുവാനും ശ്രദ്ധ കേന്ദ്രീകരിക്കുവാനുമുള്ള പ്രാപ്തി വിദ്യാർഥി (നി)കൾ നേടുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു.
അനായാസമായി ചെയ്യാവുന്ന ചില യോഗമുറകളും പ്രയോജനകരമായ മറ്റുചില സൂചനകളും ചേർന്ന, നിങ്ങളുടെ ഏകാഗ്രതാതലത്തെ മെച്ചപ്പെടുത്തുവാനും പഠനത്തില്‍ നിങ്ങളുടെ ശ്രദ്ധ നല്ല രീതിയിൽ കേന്ദ്രീകരിക്കുവാനുമുതകുന്ന, എട്ടു നിർദ്ദേശങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
ഏകാഗ്രത വർദ്ധിപ്പിക്കുന്ന നാലു യോഗമുറക ൾ
1. താഡാസനം
ഏറ്റവും അടിസ്ഥാനപരമായ യോഗമുറകളിലൊന്നാണ് താഡാസനം. ഈ ആസനം ചെയ്യുവാനായി, കാലുകൾ അരക്കെട്ടിനു സമമാകുംവിധം അകറ്റിവെച്ച് ശരീരഭാരം രണ്ടു കാലുകളിലും തുല്യമായി വീതിച്ചുകൊണ്ട് നിവർന്നു നിൽക്കുക. ശ്വാസമെടുക്കുന്നതിനിടയിൽ കൈകൾ ശരീരത്തിനു മുകളിലേക്കുയർത്തി കൈപ്പത്തികൾ മുകൾ ഭാഗത്തേക്കു തിരിച്ചുവെച്ച് കൈവിരലുകളെ അന്യോന്യം ഇടകലർത്തി കോർത്തു കൊണ്ട് തോളുകൾ രണ്ടും ഉയർത്തുക. ശ്വാസം വിടുന്നതിനനുസരിച്ച് തോളുകൾ പൂർവ്വ സ്ഥിതിയിലേക്കു താഴ്ത്തുക. ശ്വാസം വിടുമ്പോൾ നെഞ്ച് വിരിക്കുകയും ശരീരം നിവർത്തി നിർത്തുകയും ചെയ്യണം.
ഓരോ ശ്വാസത്തിനും ഉച്ഛ്വാസത്തിനുമൊപ്പം തോളിന്റെ ചലനം തുടർന്നു കൊണ്ടിരിക്കുക. ശ്വാസം വിടുന്ന സമയത്ത് മുഖവും കണ്ണുകളും നാവും അയഞ്ഞ നിലയിലായിരിക്കണം. ഇതു പ്രകാരം കുറച്ചു തവണ ശ്വാസോച്ഛ്വാസം ചെയ്തതിനു ശേഷം അംഗവിന്യാസം പിൻവലിക്കാം.
താഡാസനം നെഞ്ചിനെ വിരിയിക്കുകയും അംഗവിന്യാസത്തെ മെച്ചപ്പെടുത്തുകയും തുടഭാഗത്തെ ശക്തിപ്പെടുത്തുകയും കേന്ദ്രീകരണശേഷിയും ഉണർവും വർദ്ധിപ്പിക്കുകയും നടുവേദന ശമിപ്പിക്കുകയും ചെയ്യുന്നു. ഈ ആസനം ശരീരത്തിലെ ഏതൊരു തളർച്ചയെയും ദൂരീകരിക്കുന്നു.
2. വൃക്ഷാസനം
സ്വസ്ഥതയും നവവീര്യവും കൈവരുത്തുവാനും അതോടൊപ്പംതന്നെ കേന്ദ്രീകരണശേഷി വർദ്ധിപ്പിക്കുവാനും കഴിവുള്ള മറ്റൊരാസനമാണ് വൃക്ഷാസനം. ഇതു ചെയ്യുവാനായി, കാലുകൾ വിശ്രമനിലയിൽ നിലത്തുവെച്ച് നിൽക്കുക. ഒരു ശ്വാസമെടുത്തുകൊണ്ട് വലതുകാല്‍ നിലത്തുനിന്നും ഉയർത്തുക. സാവകാശത്തിൽ കാലിനെ ഇടതു തുടയുടെ ഉൾഭാഗത്തോടു ചേർത്തമർത്തുന്ന നിലയിൽ കൊണ്ടുവരിക (മടമ്പു ഭാഗം മുകളിലും കാല്‍വിരല്‍ താഴെയുമായി). ഇടതു കാല്‍മുട്ടിനെ സ്പര്‍ശിക്കാതെ നോക്കുകയും ശരീരത്തെ ആവുന്നത്ര സ്വസ്ഥമാക്കിവെക്കുകയും വേണം. സാവധാനം കൈപ്പത്തികൾ 'നമസ്തെ' രൂപത്തിൽ ചേർത്തുവെച്ച് കൈകൾ ശിരസ്സിനു മുകളിലേക്കുയർത്തുക. ശരീരത്തെ ആവുന്നത്ര നിശ്ചലമാക്കി നിർത്തിക്കൊണ്ട് കുറച്ചു തവണ ശ്വാസോച്ഛ്വാസം ചെയ്യുക, അതിനുശേഷം അംഗവിന്യാസം പിൻവലിച്ച് വിശ്രമിക്കാം.
ഒരു വൃക്ഷത്തിന്റെ ഉറച്ചതും അതേസമയം ആകർഷകവുമായ നില്പിനെ പുനരാവിഷ്കരിക്കുന്ന തരത്തിലുള്ളതാണ് വൃക്ഷാസനം. ഈ ആസനം കൈകാലുകളെയും പിന്‍ഭാഗത്തെയും നിവർത്തു ന്നതോടൊപ്പം ഏകാഗ്രത മെച്ചപ്പെടുത്തുക കൂടി ചെയ്യുന്നു.
3. പശ്ചിമോത്ഥാനാസനം
ഇടുപ്പിന്റെ പിൻഭാഗവും കാലുകളും സ്വസ്ഥമായ സ്ഥിതിയിലല്ലെങ്കിൽ ഏകാഗ്രതാതലം എപ്പോഴും താഴ്ന്നുപോകുമെന്നത് പൊതുവായുണ്ടാകുന്ന ഒരനുഭവമാണ്. അതുകൊണ്ടാണ് പല ഉദ്യോഗസ്ഥർക്കും വിദ്യാർത്ഥി(നി)കൾക്കും, മണിക്കൂറുകളോളം ഇരുന്ന് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവരുന്നവർക്ക് പ്രത്യേകിച്ചും, ഇടയില്‍ കുറച്ചുനേരത്തേക്ക് ഒന്നു ചുറ്റിനടക്കുമ്പോൾ ആശ്വാസം തോന്നുന്നത്.
പൃഷ്ഠഭാഗങ്ങളെയും കാല്‍മുട്ടിനു പിൻവശത്തെ ഞരമ്പുകളെയും ഇടുപ്പിന്റെ പിൻഭാഗത്തെയും എളുപ്പം നിവർത്തിയെടുത്തുകൊണ്ട് അതുവഴി മണിക്കൂറുകളോളം ഏകാഗ്രത ഉറപ്പാക്കുന്ന ഒരുതരം ആസനമാണ് പശ്ചിമോത്ഥാനാസനം. ഇതു ചെയ്യുവാനായി, ആദ്യം കാലുകൾ നീട്ടിവെച്ച് നിലത്തിരിക്കുക. കൈകൾ രണ്ടും ഉയർത്തി ശിരസ്സിനു മുകളിലേക്ക് നീട്ടുക. താടി കാൽവിരലിനു നേരെ നീക്കിക്കൊണ്ട് മുന്നോട്ടു ചായുക. കൈകളെ അവയ്ക്കെത്തിപ്പെടാവുന്നത്രയും ദൂരെ വിന്യസിക്കുക. ഈ ആസനം ചെയ്യുമ്പോൾ, നട്ടെല്ലു നിവർത്തിവെച്ച് സാവധാനം അതിനെ അനായാസമായി മുന്നോട്ടു വലിച്ചു നീട്ടണം.
വിശ്രമത്തിനായി, കൈകളെ മുൻവശത്തേക്കു നീട്ടി, അവയെ ഒരു ശ്വാസമെടുത്തുകൊണ്ട് ഉയർത്തുകയും ശ്വാസം വിട്ടുകൊണ്ട് താഴ്ത്തിവെക്കുകയും ചെയ്യുക.
4. സർവ്വാംഗാസനം
തുടർച്ചയായുള്ള അധ്വാനം, നിങ്ങളുടെ മസ്തിഷ്കത്തിൽ നിന്നും രക്തം വാർന്നുപോയെന്നതു പോലുള്ള തോന്നലുളവാക്കിയേക്കാം. ഇത്തരം സന്ദർഭങ്ങളിലാണ് 'തലയ്ക്കു മന്ദത തോന്നുന്നു' എന്ന പദപ്രയോഗം ഉപയോഗത്തിൽ വരുന്നത്. ഇതിനെ മറികടക്കുവാനായി സർവ്വാംഗാസനം പരിശീലിക്കാവുന്നതാണ്, കാരണം, ഈ ആസനം രക്തത്തെ മുഴുവനും മസ്തിഷ്കത്തിലേക്കു തള്ളിക്കൊണ്ട് അതിന് ഉന്മേഷം വീണ്ടെടുത്തു നല്‍കുകയും ഏകാഗ്രത മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
നിലത്ത് നീണ്ടുനിവർന്ന് മലർന്നു കിടക്കുക. ശരീരത്തിന്റെ കീഴ്ഭാഗം അല്പം ഉയരുന്ന തരത്തിൽ കാലുകൾ രണ്ടും മുകൾഭാഗത്തേക്കു വലിച്ചുനീട്ടുക. കൈപ്പത്തികൾ രണ്ടും, ശരീരത്തിന്റെ പിൻഭാഗത്തിനെ താങ്ങിനിർത്തുന്ന വിധത്തിൽ, ഇടുപ്പിലും പൃഷ്ഠഭാഗത്തും ദൃഢമായി അമർത്തിവെക്കുക. ഇനി, കൈകളുടെ സഹായവും താങ്ങും ഉപയോഗപ്പെടുത്തിക്കൊണ്ട് ഇടുപ്പിന്റെ പിൻഭാഗത്തിനെ കാലുകളോടൊപ്പം മുകൾഭാഗത്തേക്കു തള്ളുക. ഇപ്പോൾ തോളുകളും കൈകളുമാണ് ശരീരഭാരം മുഴുവനായും താങ്ങുന്നത്. പൂർവ്വസ്ഥിതിയിലേക്കു താഴ്ന്നുവരുന്ന സമയത്ത് ശരീരത്തിന്റെ പിൻഭാഗത്തിനെ കൈകളുടെ സഹായത്തോടെ പതുക്കെ താഴ്ത്തിക്കൊണ്ടുവന്നതിനു ശേഷം കാലുകൾ മെല്ലെമെല്ലെ താഴ്ത്തിവെക്കുക.
5. സൂര്യനമസ്കാരം
അനുഷ്ഠിക്കാവുന്ന മറ്റൊരു യോഗാസനമാണ് സൂര്യനമസ്കാരം. ഏകാഗ്രത മെച്ചപ്പെടുത്തുവാനും അമിതവണ്ണം കുറയ്ക്കുവാനും എല്ലാ വിധത്തിലും ശാരീരികസ്വാസ്ഥ്യം കൈവരിക്കുവാനും സഹായിക്കുന്ന ഉത്തമമായ ഒരുകൂട്ടം അംഗവിന്യാസങ്ങളാണിത്.
സൂര്യനമസ്കാരത്തിന്റെ ഉപയുക്തത എത്രയും സർവ്വവ്യാപകമായതിനാൽ എങ്ങനെയായാലും അതിനെ ദിനചര്യയുടെ ഒരു സ്ഥിരം ഭാഗമാക്കേണ്ടതാണ്. ഏതായാലും, അതു നിത്യവും ചെയ്യുന്നതിലൂടെ ഓർമ്മശക്തിയെ ശ്രദ്ധേയമാംവിധം മെച്ചപ്പെടുത്തുവാനും അതുവഴി പഠനസമയത്തിന്റെ നല്ല രീതിയിലുള്ള ഉപയോഗം ഉറപ്പാക്കുവാനും സാധിക്കുമെന്നു കണ്ടെത്തിയിട്ടുണ്ട്.
6. ഏകാഗ്രത മെച്ചപ്പെടുത്തുന്നതിനായുള്ള ധ്യാനം
സിനിമാ ഡയലോഗ്സ് ഒരുവട്ടം കേട്ടാൽത്തന്നെ അവ പഠിച്ചെടുക്കാൻ വളരെ എളുപ്പമാകുന്നതെന്തുകൊണ്ടെന്ന് പല വിദ്യാർത്ഥി(നി)കളും തങ്ങളുടെ ദിവാസ്വപ്നങ്ങളില്‍ അത്ഭുതപ്പെടാറുണ്ട്! എന്നാൽ പഠനത്തിന്റെ കാര്യത്തിൽ, ഒരു പേജ് തന്നെ പലതവണ വായിച്ചാലും അവർക്കതു മുഴുവനായി മനസ്സിലാകുന്നില്ല. ഇതിനു കാരണം, നമ്മുടെ മനസ്സ് ശാന്തമായിരിക്കുമ്പോൾ മാത്രമേ അതിന് എന്തെങ്കിലുമൊരു കാര്യം മുഴുവനായും ഉൾക്കൊള്ളുവാൻ കഴിയുകയുള്ളൂ എന്നതാണ്. അതേസമയം, ജീവിതഗതിയിൽ വിജയമോ പരാജയമോ വരുത്തിത്തീർക്കുവാൻ ഏതാനും പരീക്ഷകൾക്ക് സാധിക്കുമെന്ന് നമ്മുടെ വിദ്യാഭ്യാസമേഖല ഊന്നിപ്പറഞ്ഞുകൊണ്ടിരിക്കുന്നതിനാൽ, ശാന്തമായിരിക്കുക എന്നത് വിഷമം പിടിച്ച കാര്യമാണ്.
അതിനു പുറമെ, പഠനത്തിനിടയിൽപ്പോലും മനസ്സിൽ ചിന്തകൾ തുടരെത്തുടരെ വന്നുകൊണ്ടിരിക്കുന്നതിനാൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ സാധിക്കുന്നില്ലെന്ന് അനേകം വിദ്യാർത്ഥി (നി)കൾക്ക് തോന്നാറുണ്ട്. അസൂയയും വിദ്വേഷവും നീരസവും പോലുള്ള ദൈനംദിന മനോവികാരങ്ങൾ പോലും മനസ്സിനെ താറുമാറാക്കിക്കൊണ്ട് ഫലപ്രദമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതു ദുഷ്കരമാക്കുന്നു.
ഇവിടെയാണ് മനസ്സിനെ ശാന്തമാക്കുന്നതിനും അതോടൊപ്പംതന്നെ ശ്രദ്ധ കേന്ദ്രീകരിക്കുവാനുള്ള അതിന്റെ കഴിവ് വർദ്ധിപ്പിക്കുന്നതിനുമായി നിങ്ങളെ വിദഗ്ധമായ രീതിയിൽ സഹായിക്കുവാൻ ധ്യാനത്തിനു സാധ്യമാകുന്നത്. ആര്‍ട്ട് ഓഫ് ലിവിംഗിന്റെ ഔദ്യോഗിക യൂ ട്യൂബ് ചാനലിൽ ലഭ്യമായ അനേകം മാർഗ്ഗദർശിത ധ്യാനമുറകളിൽ ഏതെങ്കിലുമൊന്ന് പരിശീലിക്കുവാൻ ഞങ്ങൾ നിർദ്ദേശിക്കുകയാണ്. വെറും ഇരുപതു മിനിറ്റു നേരത്തെ ധ്യാനംകൊണ്ട് മണിക്കൂറുകളോളം തുടർച്ചയായി ജോലിയെ അഥവാ പഠനത്തെ വേണ്ടവിധം കൈകാര്യം ചെയ്യുവാൻ തക്കവണ്ണം മനസ്സ് ഉന്മേഷം വീണ്ടെടുക്കുന്നു.
7. ഏകാഗ്രത വർദ്ധിപ്പിക്കുന്ന ജീവിതശൈലീ മുൻഗണകൾ
ജീവിതശൈലിയിലെ മുൻഗണകൾ ഊർജ്ജത്തിന്റെയും ഏകാഗ്രതയുടെയും തലങ്ങളിൽ ശക്തമായ സ്വാധീനം ചെലുത്തുന്നു. എത്ര മണിക്കൂർ ഉറങ്ങുന്നുവെന്നതും ആഹാരത്തിലെ മുൻഗണകളും പോലുള്ള ചെറിയ കാര്യങ്ങൾക്ക് പഠനത്തിൽ വളരെയധികം മാറ്റമുണ്ടാക്കുവാൻ കഴിയും. വേണ്ടതിലേറെ സമയം ഉറങ്ങുകയാണെങ്കിൽ അത് മനസ്സിനു മന്ദത വരുവാൻ കാരണമാവുകയും, ഉറക്കം ആവശ്യമുള്ളതിനേക്കാൾ കുറഞ്ഞ സമയം മാത്രമാണെങ്കിൽ മനസ്സ് തളർന്നുപോവുകയും ചെയ്യും. അതുപോലെ, കണക്കിലധികം ആഹാരം കഴിച്ചാൽ അതു മനസ്സിന് ആലസ്യം വരുത്തുന്നു, തീരെ കുറഞ്ഞ തോതിലുള്ള ഭക്ഷണം അഥവാ കൂടുതൽ മസാല ചേർത്ത ഭക്ഷണം മനസ്സിനെ പ്രക്ഷുബ്ധമാക്കുന്നു.
ഇതിനർത്ഥം നിങ്ങൾ പട്ടാളച്ചിട്ടയിൽ ജീവിക്കണമെന്നോ എല്ലായ്പ്പോഴും രുചിയില്ലാത്ത ഭക്ഷണം കഴിക്കണമെന്നോ അല്ല. പക്ഷേ ഉറക്കത്തിന്റെയും ആഹാരത്തിന്റെയും കാര്യത്തിൽ ഒരു ക്രമീകരണവും ദിനചര്യയ്ക്കുമേൽ ഒരല്പം ശ്രദ്ധയുമുണ്ടെങ്കിൽ അത് ഏകാഗ്രതയും ഓര്‍മ്മശക്തിയും പുഷ്ടിപ്പെടുത്തുന്നതിൽ വളരെയേറെ സഹായകരമാകും.
8. ഒരു ചുവട് പിന്നോട്ടു വെക്കുക
നിങ്ങൾക്കിഷ്ടമുള്ള കാര്യമാണു നിങ്ങൾ ചെയ്യുന്നതെങ്കിൽപ്പോലും, മനസ്സിനെ ഒരൊറ്റ സംഗതിയിൽത്തന്നെ അധികനേരം കേന്ദ്രീകരിച്ചുകൊണ്ടിരിക്കുമ്പോൾ അത് തളർന്നുപോകുന്നു. ആയതിനാൽ ഓരോ നിശ്ചിത മണിക്കൂറുകൾക്ക് ശേഷവും ഏതാനും നിമിഷങ്ങളുടെ ഒരിടവേളയെടുത്ത് തീർത്തും വ്യത്യസ്തമായ എന്തെങ്കിലും ചെയ്യുക. അതു വ്യായാമമായാലും പദപ്രശ്നം പൂരിപ്പിക്കലായാലും ചുറ്റുപാടും പന്തെറിയലായാലും വെറുതെ കിടക്കലായാലും, മനസ്സിനെ ഒന്നു സ്വതന്ത്രമാകുവാനനുവദിക്കുക. അമ്പ് എയ്യുന്നതിനായി വില്ലിനെ പുറകോട്ടു വലിക്കുന്നതു പോലെ, ഇത്തരം ഇടവേളകൾ കൂടുതൽ ഫലപ്രദമായി പ്രയത്നിക്കുവാനുള്ള ഊർജ്ജം ലഭ്യമാക്കുവാൻ സഹായിക്കുന്നു.
ഗുരുദേവ് ശ്രീ ശ്രീ രവി ശങ്കറിന്റെ ജ്ഞാന പ്രഭാഷണങ്ങളെ ആധാരമാക്കിയുള്ള ലേഖനം.