നമ്മുടെ വ്യക്തി ജീവിതത്തില്‍ ഏതാണ്ട് 16 മുതല്‍ 25 വരെയുള്ള പ്രായത്തില്‍ ആയിരിക്കും അതിസാഹസികവും സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതുമായ തീരുമാനങ്ങളും പ്രവൃത്തികളും എടുക്കുന്നത്. ജീവിത പ്രതിസന്ധികളുടെ കൊടുങ്കാറ്റിനെ നേരിടാനും ഉന്നതിയുടെ പര്‍വ്വതങ്ങളെ കീഴടക്കാനും എങ്ങനെ കഴിയും എന്നറിഞ്ഞിരിക്കേണ്ടത് അനിവാര്യം തന്നെ. ഒന്ന് ചിന്തിച്ചു നോക്കാന്‍ പോലും കഴിയാത്തത്ര വേഗത്തില്‍ നമ്മള്‍ നമ്മുടെ മുന്‍ഗണനകള്‍ തീരുമാനിക്കുന്നു, വാക്കുകള്‍ നല്‍കുന്നു, പ്രവൃത്തികള്‍ ചെയ്യുന്നു. എന്നാല്‍ ഈ തീരുമാനങ്ങളെല്ലാം ശരിയായിരിക്കണമെന്നുള്ളത് ഒരാളുടെ ജീവിത വിജയത്തില്‍ സുപ്രധാന പങ്കുവഹിക്കുന്നു. ഈ കാലയളവില്‍ നമ്മുടെ പ്രധാന സ്വാധീന വലയവും സന്തോഷത്തിന്റെ ഏറ്റവും വലിയ ശ്രോതസ്സും നമ്മുടെ ചങ്ങാതിമാരാണ്. ജീവിതത്തിന്റെ ഈ നിര്‍ണ്ണായക ഘട്ടത്തില്‍ ധ്യാനത്തിനും ഒരു ഉറ്റ ചങ്ങാതിയുടെ പങ്കു വഹിക്കാന്‍ സാധിക്കും.
#1 ആവാന്‍ ശ്രമിക്കൂ!
“ഞാന്‍ കോളേജില്‍ വളരെ ദേഷ്യവും അക്രമണ സ്വഭാവമുള്ള ആളായിരുന്നു. കൂടെക്കൂടെ അടിപിടി ഉണ്ടാക്കുകയും ചെയ്യുമായിരുന്നു. എനിക്ക് കൂട്ടുകാര്‍ ഒന്നും ഉണ്ടായിരുന്നില്ല. ഒരു മാറ്റം ഞാന്‍ തന്നെ ആഗ്രഹിച്ചിരുന്നു. പക്ഷെ എങ്ങനെ അത് സാധിക്കും എന്നതിനെക്കുറിച്ച് ഒരു പോംവഴിയും അറിയില്ലായിരുന്നു. ധ്യാനം എന്നെ ശാന്തനും സ്വസ്ഥനുമാക്കി. ഇപ്പോള്‍ ഞാന്‍ തീര്‍ത്തും അക്രമരഹിതനും, സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും കുറെ കൂട്ടുകാരുമുള്ള ജീവിതം നയിക്കുന്നു” - രാജേഷ് നായര്‍.
കൗമാരക്കാരായിരിക്കെ അതിയായ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും കൊണ്ട് ആകാശം കീഴടക്കുക എന്നതായിരിക്കും മിക്കവരുടെയും ലക്ഷ്യം. ഇതിനുള്ള ധൈര്യവും ആത്മവിശ്വാസവും ധ്യാനത്തിലൂടെ നേടുക വഴി, ഈ സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യവല്‍ക്കരിക്കാന്‍ കഴിയുന്നു.
#2 സ്വപ്‌നങ്ങളെ സാക്ഷാത്കരിക്കൂ!
“എനിക്ക് ഒരു ഗായകനാകണമായിരുന്നു. അതിനായി ഞാന്‍ കഠിന പ്രയത്‌നവും ചെയ്യുമായിരുന്നു. പക്ഷെ എനിക്ക് എന്റെ കഴിവില്‍ വിശ്വാസമില്ലായിരുന്നു. ധ്യാനം നിരന്തരം പരിശീലിച്ചപ്പോള്‍ ഞാന്‍ ആ വിശ്വാസം വീണ്ടെടുത്തു. ഇന്ന് ഞാന്‍ ഒരു മ്യൂസിക് ബാന്റില്‍ എല്ലാ ആഴ്ചയും സംഗീത പരിപാടികള്‍ അവതരിപ്പിക്കുന്നു”- സഞ്ജയ് ജജു.
#3 വേറിട്ട് ചിന്തിക്കൂ
“ദിവസവും ചിട്ടയായ ധ്യാന ശീലം കൊണ്ട് എന്നിലെ പുതിയ കഴിവുകളെ കണ്ടെത്താന്‍ കഴിഞ്ഞു. മാത്രമല്ല, വേറിട്ട് ചിന്തിക്കാനും എന്നിലെ സര്‍ഗ്ഗ വൈഭവത്തെ പുറത്തുകൊണ്ടുവരാനും ധ്യാനം സഹായിച്ചു. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഒരു ചൈതന്യം കൊണ്ടു വരാന്‍ ഇതിനാല്‍ കഴിയുന്നു” ദിവ്യ സച്ച്‌ദേവ്
ഒരു മൊബൈല്‍ കടയില്‍ ചെന്നാല്‍, സാധാരണ മോഡലുകളെ അപേക്ഷിച്ച് എന്തെങ്കിലും വ്യത്യസ്തമായ ഒന്നിനെയായിരിക്കും നമ്മള്‍ വാങ്ങുക.... കാരണം അതിന്റെ പുതിയ സാധ്യതകള്‍ അതിനെ വേറിട്ട് നിര്‍ത്തുന്നു. അതുപോലെ നിരന്തരമായ ധ്യാനം നമ്മളിലെ സര്‍ഗ്ഗാത്മകതയെ ഉണര്‍ത്തുകയും തികച്ചും വ്യത്യസ്തമായി പുതിയ ആശയങ്ങളെ ആവിഷ്‌കരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അതുവഴി നമ്മുടെ വളർച്ചയ്‌ക്കുള്ള സാഹചര്യങ്ങള്‍ നമുക്കുതന്നെ രൂപകല്‍പന ചെയ്‌തെടുക്കാന്‍ വളരെ അനായാസം സാധിക്കുന്നു.
#4 മനസ്സിനെ ഉലയ്‌ക്കാതിരിക്കൂ
“ആദ്യമൊക്കെ മറ്റുള്ളവരുടെ മോശമായ പെരുമാറ്റവും അനിഷ്ടമായ സാഹചര്യങ്ങളും എന്നെ വളരെയധികം വിഷമിപ്പിച്ചിരുന്നു. പക്ഷെ ധ്യാനം ശീലമാക്കിയതില്‍ പിന്നെ ജീവിതത്തില്‍ വന്നുചേരുന്ന ഏതു തരം സാഹചര്യങ്ങളെയും സമചിത്തതയോടെ നേരിടാന്‍ എനിക്ക് സാധിക്കുന്നു” - കരണ്‍ റോയ്
ജീവിതത്തില്‍ നേരിടേണ്ടി വരുന്ന അരോചകമായ സംഭവങ്ങള്‍ ചെറുപ്പക്കാരെ ഏറെ അലട്ടുന്നു. ചിലപ്പോള്‍ ഇത് നമ്മുടെ ബന്ധങ്ങളില്‍ വിള്ളല്‍ ഉണ്ടാക്കുന്നു. നമ്മളിലെ മനശാന്തി വീണ്ടെടുക്കാനും, കാര്യങ്ങളെ അതിന്റെ ശരിയായ ഗൗരവത്തോടെ ഉള്‍ക്കൊള്ളാന്‍ ഉളള അവബോധം വളര്‍ത്താനും ധ്യാനത്തിന് കഴിയുന്നു. ഏത് കടുത്ത പ്രതിസന്ധികളിലും മനസ്സിനെ ഏകാഗ്രമാക്കി, നിലനിര്‍ത്താന്‍ ധ്യാനം സഹായിക്കുന്നു. നമ്മളില്‍ ഒരു വലിയ അളവില്‍ ഉത്തരവാദിത്വ ബോധം കൊണ്ടുവരാനും, അതുവഴി കൂടുതല്‍ മെച്ചപ്പെട്ട വ്യക്തിത്വത്തിന് ഉടമയാകാനും ധ്യാനം സഹായിക്കുന്നു. മഴയെ നിയന്ത്രിക്കാന്‍ നമുക്കാവില്ല. എന്നാല്‍ ഒരു കുട കയ്യിലുണ്ടെങ്കില്‍ തികഞ്ഞ ആത്മവിശ്വാസത്തോടെ നനയാതെ മുന്നേറാന്‍ നമുക്കാവും. അതുപോലെ, നമ്മുടെ ജീവിതത്തില്‍ അശാന്തിയുടെ നിമിഷങ്ങളില്‍, ആത്മവിശ്വാസം തരുന്ന കുടയാണ്, ധ്യാനം.
#5 ധ്യാനത്തിലൂടെ മനസ്സിനെ ഉണര്‍ത്തൂ
“കഴിഞ്ഞ ഏഴു വര്‍ഷങ്ങളായി ഇടവിടാതെ പുകവലിക്കുന്ന ആളായിരുന്നു ഞാന്‍. ഒരു കൂട്ടുകാരന്റെ നിര്‍ദ്ദേശ പ്രകാരം ഞാന്‍ ധ്യാനം അഭ്യസിച്ചു. സഹജ് സമാധി മെഡിറ്റേഷന്‍, ക്രമമായി പരിശീലിച്ചതോടു കൂടി എനിക്ക് പുകവലി പൂര്‍ണ്ണമായും നിര്‍ത്താന്‍ കഴിഞ്ഞു. ഓരോ ധ്യാനത്തിന് ശേഷവും, പുകവലിച്ചുകഴിഞ്ഞാല്‍ കിട്ടുന്ന അത്രതന്നെ ഊര്‍ജ്ജസ്വലതയും ഉന്മേഷവും എനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞു” അര്‍ജിത് സിങ്ങ്.
പുകവലിയുടെ തോത് ഗണ്യമായി കുറയ്‌ക്കുവാനും ഉപേക്ഷിക്കുവാനും ധ്യാനം നമ്മളെ സഹായിക്കുന്നു. പുകവലി നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള ഒരു പരിഹാരമായി ധ്യാനത്തെ നമുക്കു കണക്കാക്കാം. പൂര്‍ണ്ണമായ അവബോധത്തോടെയും ആരോഗ്യത്തോടെയും മനസ്സിനെ ഉണര്‍ത്താന്‍ കഴിയുന്ന ഒരു നൈസര്‍ഗ്ഗികമായ സന്പ്രദായമാണ് ധ്യാനം. മദ്യത്തിനും പുകവലിക്കുമുള്ള മനസ്സിന്റെ വ്യഗ്രതയേയും, അതിയായ ആഗ്രഹത്തേയും, അല്ലെങ്കില്‍ അതുപോലെയുള്ള ഏതെങ്കിലും ചപലമായ സന്പ്രദായങ്ങളില്‍ നിന്നു മുക്തരാവാന്‍ ധ്യാനം വളരെയധികം സഹായിക്കുന്നു. അതിനാല്‍ ധ്യാനം ശീലിക്കൂ, പുകവലി നിര്‍ത്തൂ, ജീവിക്കാന്‍ ആരംഭിക്കൂ!!
#6 നിങ്ങളുടെ പ്രവര്‍ത്തന ശക്തിയെ നല്ല രീതിയില്‍ നയിക്കൂ
"എനിക്ക് ധ്യാനം ശീലിക്കാന്‍ തുടങ്ങിയതിനുശേഷം പകല്‍ കൂടുതല്‍ ഉന്മേഷവും ഉത്സാഹവും അനുഭവപ്പെടുന്നു. കൂടുതല്‍ സര്‍ഗ്ഗാത്മകമായ പ്രവൃത്തികൾ ചെയ്യുവാനും, സേവനം അനുഷ്ഠിക്കാനും സാധിക്കുന്നു.”- സാക്ഷി വർമ
യുവതലമുറ, അതിയായ ഉത്സാഹത്തിന്റെയും, സര്‍ഗ്ഗവൈഭവത്തിന്റെയും, പ്രവര്‍ത്തനശക്തിയുടെയും ഒരു മഹാസാഗരമാണ്. തന്നിലെ അന്തര്‍ലീനമായ ശക്തിയെ അഗാധമായി അറിയുവാനും, പര്യവേഷണം നടത്തുവാനും ധ്യാനത്തിലൂടെ അവർക്കു കഴിയുന്നു. കൂടുതല്‍ ചലനാത്മകവും, നൂതനവുമായ പ്രവൃത്തികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുവാനും, അതുവഴി നമ്മളിലെ പ്രവര്‍ത്തന ശക്തിയെ നല്ല രീതിയില്‍ നയിക്കുവാനും ഇതിനാല്‍ സാധിക്കുന്നു.
#7 മാതാപിതാക്കളോട് ശാന്തമായ സമീപനം
“എന്റെ മാതാപിതാക്കളോട് വേര്‍പെടുത്താനാവാത്ത ഒരു സ്‌നേഹബന്ധം സ്ഥാപിക്കാൻ ധ്യാനം എന്നെ സഹായിച്ചു. ഇപ്പോള്‍ ഞങ്ങളുടെ എല്ലാ സന്തോഷങ്ങളും, പ്രശ്‌നങ്ങളും പരസ്പരം തുറന്നു പറയാന്‍ സാധിക്കുന്നു. ഒരുമിച്ചുള്ള ധ്യാനം ഞങ്ങളുടെ സ്‌നേഹബന്ധത്തെ കുറേക്കൂടി ശ്രേഷ്ഠമാക്കി” - അഭിഷേക് ദവാർ
മാതാപിതാക്കളോട് ശാന്തമായും, സൗഹൃദപരമായും വിദഗ്ധമായും ആശയവിനിമയം നടത്താന്‍ ധ്യാനം നമ്മെ സഹായിക്കുന്നു. മക്കളും-മാതാപിതാക്കളും തമ്മിലുള്ള അഭിപ്രായാന്തരം കുറയ്‌ക്കാൻ ഇതിനാല്‍ കഴിയുന്നു. നമ്മുടെ ഇഷ്ടാനിഷ്ടങ്ങളും മാതാപിതാക്കളുടെ ആഗ്രഹങ്ങളും, ഉപദേശങ്ങളും നമ്മില്‍ ഒരു സന്തുലിതാവസ്ഥ സ്ഥാപിക്കുവാനും കൂടുതല്‍ അവബോധത്തോടെ, നിപുണതയോടെ തീരുമാനങ്ങള്‍ എടുക്കുവാനും ധ്യാനം നമ്മം സഹായിക്കുന്നു.
- ശ്രീ ശ്രീ രവി ശങ്കര്‍ജിയുടെ ജ്ഞാനസംഭാഷണത്തില്‍ നിന്നും പ്രചോദനം കൊണ്ട ലേഖനം.
വിവരങ്ങള്‍ക്ക് കടപ്പാട് ശ്രേയ ചൗ, രാജേന്ദ്ര സിംഗ് [എങ്ങനെ ധ്യാനിക്കാം എന്ന് പരിശീലിപ്പിച്ച് ആയിരത്തോളം യുവജനങ്ങളില്‍ ജീവിതപരിവര്‍ത്തനം കൊണ്ടുവരാന്‍ കഴിഞ്ഞു, ലോകമെന്പാടുമുള്ള ആര്‍ട്ട് ഓഫ് ലിവിംഗ് യുവജന പരിശീലന കളരിയിലെ അധ്യാപകരാണ് ശ്രേയ ചൗവും, രാജേന്ദ്ര സിംഗും]