ജീവിതത്തിലെ പോയ കാലങ്ങളിലേക്ക് നിങ്ങളൊന്നു തിരിഞ്ഞുനോക്കിയാല്‍, "നീയതു വളരെ ബുദ്ധിപൂര്‍വം ചെയ്തു", "സമര്‍ത്ഥമായ ചിന്താഗതി" അല്ലെങ്കില്‍ "നിങ്ങളൊരു ബുദ്ധിശാലിയാണല്ലോ" എന്നിങ്ങനെ ആരെങ്കിലുമൊക്കെ അഭിപ്രായം പറയുന്ന പല സന്ദര്‍ഭങ്ങളുമുണ്ടായിരുന്നതായി കാണാം. ഇത്തരം സന്ദര്‍ഭങ്ങള്‍ നമ്മെ ആത്മസംതൃപ്തിയും ആത്മാഭിമാനവും ആത്മവിശ്വാസവും കൊണ്ടു നിറയ്ക്കുന്നു. ഈ അനുഭവം കൂടെക്കൂടെ ഉണ്ടാകണമെന്നു നിങ്ങളാഗ്രഹിക്കുന്നില്ലേ? നിങ്ങളുടെ ദൈനംദിന കര്‍ത്തവ്യങ്ങള്‍ കൂടുതല്‍ നിപുണതയോടെ നിര്‍വഹിക്കുന്നതിനായി, ചാതുര്യമുള്ളൊരാളായിരുന്നുകൊണ്ട് നക്ഷത്രങ്ങള്‍ക്കിടയിലെ ചന്ദ്രനെപ്പോലെ കാണപ്പെടുന്നതിനായി, ഏതു മാര്‍ഗമവലംബിക്കുവാനാണ് നിങ്ങളിഷ്ടപ്പെടുന്നത്?
നമുക്കിതു വന്നുചേരണമെന്ന് നാമെല്ലാവരും തീര്‍ച്ചയായുമാഗ്രഹിക്കുന്നുണ്ട്. ഈ ഉയര്‍ച്ച വാസ്തവത്തില്‍ അതിവേഗവും എളുപ്പമായും പ്രാപിക്കാവുന്ന ഒന്നാണെന്ന കാര്യം അനേകമാളുകളെ അത്ഭുതപ്പെടുത്തിയേക്കാം, കാരണം, അതിനുള്ള എളുപ്പവഴിയാണ് പതിവായി ധ്യാനിക്കുക എന്നത്. പതിവായ ധ്യാനം നിങ്ങളുടെ മനസ്സിന് അയവു വരുത്തുകയും അതിനെ കാര്യക്ഷമതയും മനനശീലവുമുള്ളതാക്കുകയും ചെയ്യുന്നു.
1. സ്ഫടികം പോലെ തെളിഞ്ഞ ഒരു മനസ്സ്
നമ്മുടെ പൂര്‍വകാല ചിന്തകളെയും അനുഭവങ്ങളെയും ഭാവികാല പ്രതീക്ഷകളെയും വര്‍ത്തമാനകാല സംഭവങ്ങളെയും പ്രതിഫലിപ്പിക്കുന്ന ഒരു കണ്ണാടിയാണ് നമ്മുടെ മനസ്സ്. അതിനെ എല്ലായ്പ്പോഴും കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുക എന്നത് ആയാസകരമായ കാര്യമാണ്. ഒന്നാന്തരമായിരിക്കാനുള്ള, കുറ്റമറ്റതാക്കിയെടുക്കാനുള്ള, നിങ്ങളുടെ പ്രവണതകളെ ഒഴിവാക്കുവാന്‍ ധ്യാനം സഹായിക്കുന്നു. സ്രോതസ്സുമായി പ്രകൃത്യാതന്നെ ബന്ധപ്പെട്ടിരിക്കുവാന്‍ അതു നിങ്ങളെ സഹായിക്കുന്നു. ധ്യാനമെന്നത് തികച്ചും ലളിതമായ മാനസിക ശുചിത്വമാണ്: ചപ്പുചവറുകള്‍ തൂത്തുവാരിക്കളയുക, നിങ്ങളുടെ കഴിവുകളെ ഉചിതമായ രീതിയില്‍ ഉപയോഗപ്പെടുത്തുക, അവനവനുമായി ബന്ധപ്പെട്ടിരിക്കുക.
പതിവായ ധ്യാനത്തിന്‍റെ ഫലമായി നിങ്ങള്‍ക്ക് മനഃക്ലേശം കുറഞ്ഞതായി അനുഭവപ്പെടുകയും കാര്യങ്ങള്‍ കൂടുതല്‍ വിശാലമായ കാഴ്ച്ചപ്പാടിലൂടെ കാണപ്പെടുകയും ചെയ്യും. നിങ്ങള്‍ മനസ്സിനു സ്പഷ്ടത കൈവരിക്കുകയും സ്വന്തം പ്രവണതകളാല്‍ സ്വാധീനിക്കപ്പെടാത്തവരായിത്തീരുകയും ചെയ്തുകഴിഞ്ഞാല്‍പ്പിന്നെ, സാഹചര്യങ്ങളുമായി സ്വയം പൊരുത്തപ്പെട്ടുകൊണ്ട് ഉചിതവും ആവശ്യമായതുമായ രീതിയില്‍ പ്രതികരിക്കുന്നതില്‍ കൂടുതല്‍ ഗ്രഹണക്ഷമമായിരിക്കാന്‍ വളരെ എളുപ്പമാണ്. ധ്യാനം നിങ്ങളുടെ ചിന്താഗതിയുടെ ഗുണമേډ വര്‍ധിപ്പിക്കുവാന്‍ സഹായിക്കുന്നു.
2. കേന്ദ്രീകരണവും ഏകാഗ്രതയും
നമ്മള്‍ക്കുള്ളില്‍ അളവറ്റ ഊര്‍ജത്തിന്‍റെ, പ്രശാന്തവും താരതമ്യപ്പെടുത്താന്‍ കഴിയാത്തതുമായൊരു ശക്തിയുടെ, ഓജസ്സുറ്റ ഒരുറവിടമുണ്ടെന്ന് എപ്പോഴെങ്കിലുമൊക്കെ നമുക്കെല്ലാം അനുഭൂതമായിട്ടുണ്ടാകും. ഈ ആന്തരിക അജയ്യത എത്രയേറെ നമുക്കനുഭവപ്പെടുന്നുവോ, അത്രയേറെ നമ്മള്‍ സുശക്തരായിത്തീരുന്നു. നിങ്ങളുടെ ഉറവിടവുമായുള്ള ഈ ദൃഢമായ ബന്ധത്തെ ധ്യാനം സുസ്ഥാപിതമാക്കുന്നു. അതു നിങ്ങളുടെ ആന്തരിക ശാന്തിയും അചഞ്ചലതയും കാത്തുസൂക്ഷിക്കാനും, അതുവഴി മനസ്സിനെ ഊര്‍ജസ്വലമായൊരു മുതല്‍ക്കൂട്ടായി തുറന്നുവിടാനും സഹായിക്കുന്നു.
പതിവായുള്ള ധ്യാനപരിശീലനം നിങ്ങളുടെ മനസ്സിനെ കൂര്‍മ്മതയുള്ളതാക്കി നിലനിര്‍ത്തുവാന്‍ സഹായിക്കുന്നു. അതു നിങ്ങളുടെ മനസ്സിനെ സ്വസ്ഥമാക്കിവെക്കുകയും നിങ്ങളുടെ കര്‍ത്തവ്യങ്ങള്‍ മികച്ച രീതിയില്‍ നിറവേറ്റുവാന്‍ സഹായിക്കുകയും ചെയ്തുകൊണ്ട് നിങ്ങള്‍ക്കു വേണ്ടത്ര കേന്ദ്രീകൃതത്വം പ്രദാനം ചെയ്യുന്നു. "നമ്മുടെ ജീവിതത്തിന്‍റെ ഗുണനിലവാരം നമ്മുടെ മനസ്സിന്‍റെ ഗുണനിലവാരത്തെ ആശ്രയിച്ചിരിക്കുന്നു" എന്ന് ഗുരുദേവ് ശ്രീ ശ്രീ രവിശങ്കര്‍ പറയുന്നുണ്ട്. ലോകത്തില്‍ നടക്കുന്ന സംഭവങ്ങളെ നിയന്ത്രിക്കുവാന്‍ നമുക്കു കഴിയില്ല, പക്ഷേ ധ്യാനത്തിലൂടെ നമ്മുടെ ചിന്താഗതിയുടെ ഗുണനിലവാരത്തെ നമുക്കു നിയന്ത്രിക്കുവാന്‍ കഴിയും.
ധ്യാനം തലയോട്ടിയുടെ ബാഹ്യപാളിയുടെ ഘനം വര്‍ധിപ്പിക്കുകയും ആ ഘനവര്‍ധന കേന്ദ്രീകരണശേഷി വര്‍ധിക്കുവാന്‍ സഹായിക്കുകയും ചെയ്യുന്നുവെന്ന് സാറ ഡബ്ല്യു ലാസറും സംഘവും യു.എസ്.എ.യിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെല്‍ത്തില്‍ വെച്ചു നടത്തിയ സ്വതന്ത്ര ഗവേഷണപഠനം വെളിപ്പെടുത്തുന്നു. ധ്യാനം ഗ്രേ മാറ്ററിന്‍റെ - ചിന്തനശേഷിയുടെ കാരണഘടകം - വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നുവെന്ന് ഐലീന്‍ ലൂഡേഴ്സ് നടത്തിയ മറ്റൊരു പഠനം നിഗമനം ചെയ്യുന്നു.
3. ഉള്ളുണര്‍വുള്ള മനസ്സ്
അത്യന്തം ആനന്ദകരമായ ഒരുമ നിറഞ്ഞ ചില നിമിഷങ്ങളില്‍, അസാധാരണമായ ചിന്തകള്‍ക്കും ആശയങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും ജډമേകുന്ന ഒരുള്‍വിളി നമ്മള്‍ക്കുള്ളിലുണ്ടാകാറുണ്ട്. അതു നമ്മുടെ സംവേദനത്തെ ഉത്തേജിപ്പിക്കുകയും ധാരണാശേഷി വികസിപ്പിക്കുകയും ചെയ്യുന്നു. സങ്കീര്‍ണമാണെങ്കില്‍ക്കൂടി സ്വാഭാവികമായുണ്ടാകുന്ന ഒന്നാണത്. ചിന്തകള്‍ നിങ്ങളുടെ ഉള്‍ക്കരുത്തില്‍നിന്നും നേരിട്ടു പ്രവഹിക്കുന്നു. നിങ്ങളുടെ ഉള്‍ക്കരുത്താണ് എല്ലാം സംസാരിക്കുന്നതെന്ന് നിങ്ങള്‍ക്കനുഭൂതമാകുന്നു. "ഉള്‍ക്കരുത്തുള്ള തോന്നല്‍" എന്നു പരാമര്‍ശിക്കപ്പെടുന്ന ഉള്ളുണര്‍വ് മനുഷ്യമനസ്സിനുള്ള ഒരനുഗ്രഹമായി പരിഗണിക്കപ്പെടുന്നു. ഉള്ളുണര്‍വുള്ളൊരു മനസ്സ് കൂടുതല്‍ മനനശീലവും സൂക്ഷ്മബുദ്ധിയും കൂര്‍മ്മതയും കൈവരിക്കുവാന്‍ സഹായിക്കുന്നുവെന്ന വസ്തുതയെ ഗവേഷണഫലങ്ങള്‍ സ്ഥിരീകരിക്കുന്നുണ്ട്. വിറ്റാമിന്‍ എ-യ്ക്കു കാരറ്റുമായുള്ള അതേ ബന്ധമാണ് ഉള്ളുണര്‍വിന് ധ്യാനവുമായുള്ളത്. ധ്യാനം കൂടുതല്‍ സ്വാഭാവികതയോടെ ചിന്തിക്കാനും കൂടുതല്‍ യോജിപ്പോടെയിരിക്കാനുമുതകുന്ന തരത്തില്‍ നിങ്ങളുടെ കഴിവിനെ ഉത്തേജിപ്പിക്കുന്നു.
4. സര്‍ഗാത്മകമായ ഉള്‍ക്കാഴ്ചയുടെ ആകസ്മിക ആഗമനങ്ങള്‍
ഉള്‍ക്കാഴ്ചയുടെ സര്‍ഗാത്മകമായ പൊട്ടിമുളയ്ക്കലുകള്‍ ഉണ്ടാകുന്നതു നിങ്ങള്‍ നിരീക്ഷിച്ചിട്ടുണ്ടോ? തടാകത്തിനരികിലൂടെ നടക്കുമ്പോള്‍, മഴ നനഞ്ഞുകൊണ്ടിരിക്കുന്നതിനിടയില്‍, പദയാത്ര പോകുമ്പോള്‍, അഥവാ നിങ്ങള്‍ക്കിഷ്ടപ്പെട്ട രാഗം കേട്ടുകൊണ്ട് ഊഞ്ഞാലാടുമ്പോള്‍ - സര്‍ഗാത്മകതയിലേക്കു പ്രവേശിക്കാനുള്ള സൂത്രം കിടക്കുന്നത് നിയന്ത്രണം ഇല്ലാതാകുന്നതിലാണ്: അനായാസതയും വിശ്രാന്തിയും സൗഖ്യവും. "നിയന്ത്രണം ക്ഷീണം വരുത്തുന്ന ഒന്നാണ്, അതേസമയം വിശ്രാന്തി സ്വാസ്ഥ്യം വീണ്ടെടുത്തു നല്‍കുന്നതാണെന്നു മാത്രമല്ല, അത് ഓര്‍മശക്തിയുടെ വര്‍ധനവിലേക്കും സുഗമമായ മാനസിക ധാരണാശേഷിയിലേക്കും നയിക്കുകയും ചെയ്യുന്നുവെന്ന് ബ്രെയിന്‍ ഇമേജിംഗ് ഗവേഷണം വെളിപ്പെടുത്തുന്നു" എന്ന് പ്രശസ്ത ശാസ്ത്രജ്ഞയും സ്റ്റാന്‍ഫോര്‍ഡ് യൂനിവേഴ്സിറ്റിയിലെ ഗവേഷകയുമായ എമ്മ സെപ്പാല പറയുന്നു. നിങ്ങള്‍ എത്രയേറെ സര്‍ഗശക്തിയുള്ളവരാണോ, ജോലിയില്‍ നിങ്ങള്‍ അത്രയേറെ അതുല്യരും ഒഴിച്ചുകൂടാന്‍ പറ്റാത്തവരുമാകുന്നു. ധ്യാനം നിങ്ങളെ കൂടുതല്‍ സര്‍ഗശക്തിയുള്ളവരാക്കുന്നതോടൊപ്പം ശാന്തമായിരുന്നുകൊണ്ട് മഹത്തായ ആശയങ്ങള്‍ വികസിപ്പിച്ചെടുക്കുവാന്‍ സഹായിക്കുന്നു.
5. മധ്യമാര്‍ഗം
നിങ്ങളുടെ തെരുവിലെ പിസ്സാഷോപ്പില്‍ നന്നായി പാകം ചെയ്തു വെച്ചിരിക്കുന്ന ആ പിസ്സയ്ക്ക് നല്ല ചേര്‍ച്ചയുള്ള പുറംപാളിയും ഭംഗിയായി അരിഞ്ഞ് ശരിയായ അനുപാതത്തില്‍ ചേര്‍ത്ത പച്ചക്കറികളും സ്വാദിഷ്ഠമായ ഉരുകിയ ചീസും രുചിക്കൂട്ടുകള്‍ ചേര്‍ത്തൊരുക്കിയ സോസുമെല്ലാമുണ്ടല്ലോ. രുചികളുടെയും ചേരുവകളുടെയും ചൂടിന്‍റെയും സന്തുലനം നിങ്ങളാസ്വദിക്കുന്നു. അതുപോലെയാണ് അസാമാന്യവും ദീര്‍ഘദൃഷ്ടിയോടുകൂടിയതുമായ ചിന്തകള്‍. അവയെയും സന്തുലനപ്പെടുത്തിക്കൊണ്ട് നല്ല രീതിയില്‍ ഉപയോഗിക്കേണ്ടതാണ്. അവയ്ക്ക് അവയുടേതായ പ്രത്യേക ശൈലിയുണ്ട്.
ധ്യാനം നിങ്ങളെ ആ ശൈലി കണ്ടെത്തുവാനും നിങ്ങളുടെ ചിന്താരീതിയില്‍ ആ സന്തുലനം കൊണ്ടുവരാനും സഹായിക്കുന്നു. അതു നിങ്ങളുടെ ഇടതുമസ്തിഷ്കത്തിനും വലതുമസ്തിഷ്കത്തിനുമിടയില്‍ ശ്രദ്ധേയമായൊരു സന്തുലനം സംജാതമാക്കുകയും, അതുവഴി മനോവികാരത്തിന്‍റെയും വസ്തുനിഷ്ഠതയുടെയും യുക്തിബോധത്തിന്‍റെയും വിശകലനശേഷിയുടെയും സന്തുലനത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് നിങ്ങളെ ഉചിതമായും സ്വസ്ഥതയോടെയും ചിന്തിക്കുവാന്‍ പ്രാപ്തരാക്കുകയും ചെയ്യുന്നു.
പ്രകാശ് പറയുന്നു: "മൂന്നു വര്‍ഷം മുമ്പാണ് ഞാന്‍ ധ്യാനവുമായി പരിചയപ്പെട്ടത്. അപ്പോള്‍ മുതല്‍ ഞാന്‍ പതിവായി ധ്യാനം ചെയ്യുന്നുണ്ട്. തൊഴില്‍പരമായി ഞാനൊരു ഡിസൈനറാണ്. കടുത്ത മത്സരം നടക്കുന്ന ഞങ്ങളുടെ തൊഴില്‍മേഖലയില്‍ ഗതിവേഗത്തോടൊപ്പം നീങ്ങുന്നതിനായി ദിവസവും തികച്ചും വ്യത്യസ്തമായ രീതിയില്‍ ജോലി ചെയ്യേണ്ടി വരുന്നു. ധ്യാനം എന്‍റെ സന്തുലനാവസ്ഥ നിലനിര്‍ത്തിക്കൊണ്ട് എന്‍റെ ഉപഭോക്താക്കളുടെ പ്രതീക്ഷകളെ തൃപ്തിപ്പെടുത്താന്‍ എന്നെ സഹായിക്കുന്നു."
പരിശീലകന്‍റെ സഹായത്തോടെ ചില ധ്യാനമുറകള്‍ അഭ്യസിക്കുകയും സഹജ് സമാധി ധ്യാന കോഴ്സില്‍ ചേരുകയും ചെയ്യുന്നതിലൂടെ നിങ്ങള്‍ക്കും പതിവായുള്ള ധ്യാനത്തിനു തുടക്കം കുറിച്ചുകൊണ്ട് മേല്പറഞ്ഞ എല്ലാ മികവുകളും മനസ്സില്‍ അനുഭവമാക്കിയെടുക്കാം.