അധികമാളുകൾക്കും ധ്യാനം എന്ന വാക്ക് പരാജയത്തിന്റെ പ്രതീതി ഉളവാക്കുന്നു. ഞാൻ ദിവസവും ധ്യാനിക്കുന്നുണ്ടെന്നു കേൾക്കുമ്പോൾ പലപ്പോഴും സുഹൃത്തുക്കളുടെ പ്രതികരണം, " എനിക്ക് ഒരിക്കലും ശാന്തമായി ഇരിക്കാൻ സാധ്യമല്ല" അല്ലെങ്കിൽ "ഞാൻ ഒരിക്കൽ ശ്രമിച്ചു. പക്ഷെ എന്റെ മനസ്സ് ചഞ്ചലമായിരുന്നു" എന്നാണ്. ഗുരുവിൽ നിന്നും മന്ത്രവും ശിക്ഷണവും എനിക്ക് ലഭിക്കുന്നതിന് മുൻപ് ഞാനും വിചാരിച്ചിരുന്നത് കണ്ണടച്ച് 5 സെക്കൻറ്റിൽ കൂടുതൽ സ്ഥിരമായി ഇരിക്കാൻ എന്റെ മനസ്സ് അനുവദിക്കുകയില്ല എന്നായിരുന്നു. ഞാൻ ധ്യാന സംബന്ധമായ അനേകം പുസ്തകങ്ങൾ വായിച്ചു, ഇഷ്ടമായി. ചിന്തിച്ചു. പക്ഷെ യഥാർത്ഥത്തിൽ ധ്യാനിച്ചപ്പോൾ ഒരു പരാജയമായിരുന്നു.
ഒരു ഗുരുവിൽ നിന്നും പഠിച്ച ശേഷം ഞാൻ മനസ്സിലാക്കിയത് - എനിക്ക് കഴിയുമോ എന്നുള്ളതല്ല, ശരിയായി ധ്യാനിക്കുവാൻ അറിയുക എന്നുള്ളതാണ്. പല വ്യത്യസ്ത രീതികളുള്ളതിനാൽ ശരിയായ രീതി അറിയുകയും അതനുസരിച്ചു പരിശീലിക്കുകയുമാണ് പ്രധാനം. നിങ്ങൾ ശരിയായിത്തന്നെയാണ് ധ്യാനിക്കുന്നത് എന്ന് ഉറപ്പുവരുത്തുവാൻ താഴെ പറയുന്ന 5 കാര്യങ്ങൾ ശ്രദ്ധിക്കുക.
1. നിയന്ത്രിത ധ്യാനത്തിൽ നിർദ്ദേശങ്ങൾ അനുസരിക്കുക.
നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ, ഗാഢ ധ്യാനത്തിൽ എത്താൻ ഏതാനും നിർദ്ദേശങ്ങൾ സഹായിക്കുമെന്ന്? പലർക്കും ആരംഭത്തിൽ നിയന്ത്രിത ധ്യാനം വളരെ നല്ലതാണു. നിയന്ത്രിത ധ്യാനത്തിൽ നിർദ്ദേശങ്ങൾ അനുസരിക്കാൻ ശ്രദ്ധിക്കുക . അവ റെയിൽപ്പാതകളെ പോലെ നിങ്ങളെ ശരിയായ ലക്ഷ്യത്തിൽ എത്തിക്കും.
2. പ്രതീക്ഷകൾ ഇല്ലാതിരിക്കട്ടെ
നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും വാഹനം ഓടിക്കുമ്പോൾ, ചിലപ്പോൾ ആളൊഴിഞ്ഞ വഴിയും മനോഹര കാഴ്ചകളും ആസ്വദിക്കുവാൻ കഴിയും, മറ്റു ചിലപ്പോൾ ഗതാഗത കുരുക്കിൽ പെട്ടുപോകാറുണ്ട്. മാർഗ്ഗത്തിലുടനീളം പല സാഹചര്യങ്ങളെ കടന്നു നാം ലക്ഷ്യത്തിൽ എത്താറുണ്ട്. അതുപോലെ നമ്മുടെ മനസ്സ് ചഞ്ചലമായിരുന്നാലും സ്ഥിരമായി ശാന്തമായിരുന്നാലും ധ്യാനം പ്രയോജനപ്പെടും. നമുക്ക് ഉണർവ്വും ശുദ്ധീകരണവും ബോധവ്യാപ്തിയും പ്രദാനം ചെയ്യും.
ധ്യാനിക്കുമ്പോൾ മനസ്സ് പ്രക്ഷുബ്ധമായിരുന്നാൽ, നമ്മുടെ തീരുമാനം അത്തരം അനുഭവങ്ങളിലായിരിക്കും. പക്ഷെ അത്തരം അപൂർണ്ണ ധ്യാനം നല്ലതെന്നോ ചീത്തയെന്നോ കരുതരുത്. അവ സമ്മർദ്ധ ലഘൂകരണത്തിന്റെ ഭാഗമാണ്. പ്രയോജനപ്രദമായ അനുഭവത്തിന്റെ ഭാഗമാണ്.
3. ദൈനംദിന ജീവിതത്തിൽ സകാരാത്മക വ്യതിയാനങ്ങൾ അനുഭവപ്പെടുക.
പലരും ധ്യാനത്തിന്റെ നിലവാരം കണക്കാക്കുക ധ്യാനത്തിലുള്ള അനുഭവത്തിലാണ്. പക്ഷെ ശരിയായ ഫലം നമ്മുടെ ദൈനംദിന ജീവിതത്തിലാണ്. കൂടുതൽ ശാന്തത, ഉണർവ്വ്, ഏകാഗ്രത, മറ്റുള്ളവരോടുള്ള കരുതൽ, ഇവയെല്ലാം ശരിയായ ധ്യാനത്തിന്റെ ഫലങ്ങളാണ്. ദിവസം മുഴുവൻ കൂടുതൽ സന്തോഷം ഉണ്ടെങ്കിൽ ശരിയായ രീതിയിലാണ് ധ്യാനമെന്നുറപ്പിക്കാം.
മേൽപ്പറഞ്ഞ വ്യതിയാനങ്ങൾ കണ്ടില്ലെങ്കിലും നിങ്ങൾ ശരിയായ രീതിയിൽ ധ്യാനിക്കുന്നുണ്ടാകാം. ചിലപ്പോൾ പുരോഗതി അവ്യക്തം ആയിരിക്കാം. അപ്പോൾ ഒരു ഗുരുവിൽ നിന്നും സംശയ നിവൃത്തി വരുത്തുക.
4. ആഗ്രഹങ്ങളിൽ വിരക്തി
നിങ്ങൾ ചിലപ്പോൾ ആഗ്രഹങ്ങളിൽ പെട്ടുപോകാറുണ്ടോ? എല്ലാപേർക്കും ആഗ്രഹങ്ങൾ ഉണ്ടാകാം. ധ്യാനത്തിന്റെ ലക്ഷ്യം എല്ലാ ആഗ്രഹങ്ങളുടെയും ഇല്ലായ്മയല്ല. എന്നാൽ ശരിയായ, ദീർഘകാല ധ്യാന പരിശീലനം ആഗ്രഹങ്ങളിൽ വിരക്തി ഉണ്ടാകാൻ സഹായിക്കും. ആഗ്രഹങ്ങൾ നിങ്ങളെ നിയന്ത്രിക്കുകയില്ല, നിങ്ങൾ ആഗ്രഹങ്ങൾ നിയന്ത്രിക്കാൻ തുടങ്ങും.
ഗുരുദേവ് ശ്രീ ശ്രീ രവി ശങ്കർ പറയുന്നു: ആഗ്രഹങ്ങൾ ആകാം. പക്ഷെ അവ നിങ്ങളെ നിയന്ത്രിക്കരുത്. എനിക്ക് ഒന്നും വേണ്ടാ, ഞാൻ ഒന്നും ചെയ്യുന്നില്ല, ഞാൻ ഒന്നുമല്ല എന്ന മനോഭാവം ഉണ്ടാകുമ്പോൾ ധ്യാനം സാധ്യമാകുന്നു.
5. സ്വസ്ഥമായി ധ്യാനിക്കാൻ
ഇരുന്നുകൊണ്ട് ധ്യാനം ചെയ്യുന്നതാണ് എപ്പോഴും അഭികാമ്യം. സോഫയിലോ കസേരയിലോ കിടക്കയിലോ നിലത്തോ ഇരിക്കാം. പക്ഷെ കിടക്കുകയോ ചായുകയോ ചെയ്യരുത്, കാരണം ഉറങ്ങിപ്പോകാൻ സാധ്യതയുണ്ട്. അത് ശരീര സ്വഭാവമാണ്. നിവർന്നിരിക്കുക പ്രധാനമാണ്. സ്വസ്ഥത അനുഭവപ്പെടണം. ഇവ രണ്ടും ഗാഢമായ നല്ല ധ്യാനത്തിന് തുല്യ പ്രധാനമാണ്. ശരീരഭാഗങ്ങളിൽ വേദനയോ സംഘർഷമോ അനുഭവപ്പെടുന്നുണ്ടെങ്കിൽ, ധ്യാനത്തിനു മുൻപ് യോഗാസനങ്ങൾ ചെയ്യുന്നത്, സമ്മർദ്ധം കുറയ്ക്കാനും ശക്തിയും മൃദുത്വവും കാലക്രമേണ വർദ്ധിക്കാനും സഹായിക്കും. അങ്ങനെ ചെയ്താൽ ധ്യാന സമയം മുഴുവൻ ശരിയായി ഇരിക്കാൻ സാധ്യമാകും.
ഗുരുദേവ് ശ്രീ ശ്രീ രവി ശങ്കർ പറയുന്നു: ധ്യാനം എന്നാൽ എല്ലാ ചിന്തകളെയും ഉപേക്ഷിച്ച് ശാന്തമായി ഇരിക്കുക എന്നാണ്.
മുകളിൽ പറഞ്ഞതുപോലെ ഒരു നല്ലതോ ചീത്തയോ അനുഭവം, ശരിയോ തെറ്റോ ആയ ധ്യാനത്തെ സൂചിപ്പിക്കുന്നില്ല. എന്നാലും ധ്യാനം ശരിയായി പരിശീലിക്കാനായി അടുത്തുള്ള സഹജ് സമാധി ധ്യാന പരിശീലകനെ സമീപിക്കുക. ഇതുവഴി ശരിയായി പരിശീലിക്കാൻ സാധിക്കുന്നത് കൂടാതെ എല്ലാ സംശയ നിവാരണത്തിനും സാധ്യമാകും.
ഗുരുദേവ് ശ്രീ ശ്രീ രവി ശങ്കറിന്റെ പ്രഭാഷണങ്ങളെ അടിസ്ഥാനമാക്കിയ ലേഖനം.