ധ്യാനത്തിലൂടെ കായികപ്രകടനശേഷി എങ്ങനെ വര്‍ധിപ്പിക്കാം?

കായികമത്സരങ്ങളില്‍ വിജയത്തിനാവശ്യമായ ഒരു പ്രധാനഘടകമാണ് ഊര്‍ജം എന്നത് ഏതൊരു കായികതാരവും സമ്മതിക്കുന്ന കാര്യമാണ്. ഊര്‍ജത്തിന്‍റെ നാല് ഉറവിടങ്ങളാണ് ഭക്ഷണം, വിശ്രമപൂര്‍ണമായ ഉറക്കം, ശ്വസനം, ധ്യാനം എന്നിവ.

ധ്യാനത്തില്‍നിന്നും ലഭ്യമാകുന്ന ഊര്‍ജത്തിന്‍റെ അളവ് ഉറക്കത്തില്‍നിന്നും ലഭ്യമാകുന്നതിനേക്കാള്‍ കൂടുതലാണ്. ഇരുപത് മിനിറ്റു നിണ്ടുനില്‍ക്കുന്ന ധ്യാനം എട്ടു മണിക്കൂര്‍ ഗാഢനിദ്രയ്ക്കു തുല്യമാണ്. സമ്മര്‍ദ്ദവും ഉല്‍ക്കണ്ഠയും ഒഴിവാക്കുവാനും ആരോഗ്യം വീണ്ടെടുക്കുവാനുമുള്ള ഏറ്റവും കാര്യക്ഷമമായ മാര്‍ഗമാണ് ധ്യാനം. നിങ്ങളുടെ കായികവിനോദത്തിനും ജീവിതത്തിനും ബലമേകുന്ന ഒരു ധ്യാനയത്നത്തിനു തുടക്കം കുറിക്കുവാനുള്ള എട്ട് ഉപായങ്ങള്‍ ഇവയാണ്:

1. യോഗയില്‍ പ്രത്യേകമായുള്ള ദേഹത്തെ വലിച്ചുനിവര്‍ത്തല്‍

വ്യായാമത്തെക്കുറിച്ചുള്ള പാശ്ചാത്യസങ്കല്പത്തില്‍നിന്നു വ്യത്യസ്തമാണ് യോഗയില്‍ പ്രത്യേകമായുള്ള ദേഹത്തെ വലിച്ചുനിവര്‍ത്തല്‍. ധ്യാനമാരംഭിക്കുന്നതിനു മുമ്പായി ദേഹത്തെ വലിച്ചുനിവര്‍ത്തുക എന്നത് ഏറ്റവും പ്രധാനമാണ്, കാരണം അതു മനസ്സിനെ അനായാസം സ്വസ്ഥമാക്കി വിട്ടുകൊണ്ട് കൂടുതല്‍ ഊര്‍ജം സ്വതന്ത്രമാക്കുന്നു.

ഫലപ്രദമാംവിധം പരിശീലിക്കുക: പരിശീലനം ലഭിച്ച യോഗടീച്ചറുടെ മാര്‍ഗനിര്‍ദേശപ്രകാരം പഠിച്ച അംഗവിന്യാസാനുകമങ്ങള്‍ - സൂര്യനമസ്കാരം പോലുള്ളവ - അഞ്ചു മുതല്‍ പത്തു പ്രാവശ്യം വരെ ചെയ്യുക. സൂര്യനമസ്കാരത്തില്‍ ഓരോ അംഗവിന്യാസവും ശ്വസനവുമായി സമന്വയിപ്പിച്ചുകൊണ്ടുള്ളതാണ്.

2. പ്രാണായാമം    

മനോഭാവത്തിലും ഊര്‍ജപ്രസരണത്തിലും ശ്രദ്ധേയമായ മാറ്റമുണ്ടാക്കുകയും മനസ്സിനെ ശുദ്ധീകരിക്കുകയും ചെയ്യുന്ന ശ്വസനനിയന്ത്രണവ്യായാമമാണ് പ്രാണായാമം. പതിവായി പ്രാണായാമം പരിശീലിക്കുക മാത്രം ചെയ്യുന്നതിലൂടെ ശരീരത്തില്‍നിന്നും 250-ഓളം വിഷവസ്തുക്കളും ദോഷകരമായ കലര്‍പ്പുകളും നീക്കം ചെയ്യുവാന്‍ ശ്വാസകോശത്തിനു കഴിയുന്നുവെന്നതിനാലാണ് ശ്വസനത്തിനു പ്രാധാന്യം നല്‍കിയിരിക്കുന്നത്.

ഫലപ്രദമാംവിധം പരിശീലിക്കുക: ഒരു ടീച്ചറുടെ മാര്‍ഗനിര്‍ദേശപ്രകാരം പഠിച്ച യോഗശ്വസനവ്യായാമങ്ങള്‍ ചെയ്യുവാനായി പത്തു മിനിറ്റ് ചെലവഴിക്കുക. ആയിരക്കണക്കിനു വര്‍ഷങ്ങളായി യോഗമുറപ്രകാരമുള്ള ശ്വാസോച്ഛ്വാസം പരിശീലിക്കപ്പെടുന്നുണ്ടെന്നു മാത്രമല്ല, അത് ഹൃദയത്തിന്‍റെയും ശ്വാസകോശത്തിന്‍റെയും പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്തുകയും ഏകാഗ്രത, ശ്രദ്ധ, ഓര്‍മശക്തി എന്നിവ വര്‍ധിപ്പിക്കുകയും ചെയ്യുന്നതായി കണ്ടെത്തിയിട്ടുമുണ്ട്. 

3. ധ്യാനത്തിനായി പ്രത്യേക സ്ഥലം മാറ്റിവെക്കുക

ദിവസവും ഇരുന്നു ധ്യാനം ചെയ്യുവാനായി സുഖപ്രദമായൊരു സ്വകാര്യസ്ഥലം മാറ്റിവെക്കേണ്ടത് പ്രധാനമാണ്. ഒരേ സ്ഥലത്തുതന്നെ പരിശീലനം ചെയ്യുന്നത് ഉയര്‍ച്ച കൈവരുത്തുന്ന ഒരന്തരീക്ഷസ്പന്ദനം സൃഷ്ടിക്കുന്നു. ഈ സ്ഥലത്തിനു ചുറ്റും നിങ്ങള്‍ക്ക് പ്രചോദനാത്മകമായ ചിത്രങ്ങള്‍ സജ്ജീകരിക്കാം.

ഫലപ്രദമാംവിധം പരിശീലിക്കുക: ഒരു കസേരയിലോ നിലത്തു ചമ്രം പടിഞ്ഞോ - നിങ്ങള്‍ക്ക് ഏറ്റവും ആശ്വാസകരമായ വിധത്തില്‍ - നട്ടെല്ലു നിവര്‍ത്തിവെച്ചുകൊണ്ട് സൗകര്യപ്രദമായി ഇരിക്കുക. കിടക്കരുത്. ഇപ്രകാരം ദിവസവും രണ്ടുനേരം ഇരുപതു മിനിറ്റു വീതം ധ്യാനത്തിലിരിക്കുക.

4. പരിശീലനം പതിവായി ചെയ്യുക 

നിരന്തരാഭ്യാസം പൂര്‍ണനിപുണത കൈവരുത്തുന്നു. നിങ്ങള്‍ പതിവായി പരിശീലനം ചെയ്യുമ്പോള്‍, മനസ്സിനെ നിങ്ങള്‍ പ്രശാന്തവും ധ്യാനനിര്‍ഭരവുമായ ആ അവസ്ഥയുമായി ഇണങ്ങിച്ചേരുവാന്‍ പരിശീലിപ്പിക്കുന്നു.

ഫലപ്രദമാംവിധം പരിശീലിക്കുക: നിത്യവും ഒരേ സമയം തുല്യമായ സമയദൈര്‍ഘ്യത്തില്‍ പരിശീലനം ചെയ്യുവാന്‍ പരമാവധി ശ്രമിക്കുക. നിങ്ങള്‍ക്ക് അസ്വസ്ഥത തോന്നിയാല്‍, അതോടൊപ്പമായിരിക്കുക, ആ അസ്വസ്ഥതയെ നിരീക്ഷിച്ചുകൊണ്ട് ഇരുപതു മിനിറ്റ് പൂര്‍ത്തിയാക്കുക.

5. നിങ്ങളുടെ ധ്യാനമന്ത്രം

"ഞാന്‍ ഒന്നുമല്ല, എനിക്കു യാതൊന്നും ആവശ്യമില്ല, ഞാന്‍ യാതൊന്നും ചെയ്യുന്നില്ല": ധ്യാനം മുഷിപ്പുണ്ടാക്കിയേക്കാം, കാരണം നിങ്ങളുടെ ജീവിതത്തില്‍ ഈ സന്ദര്‍ഭത്തില്‍ മാത്രമാണ് നിങ്ങള്‍ക്കു യാതൊന്നും ചെയ്യുകയോ ചിന്തിക്കുകയോ ചെയ്യേണ്ട ആവശ്യമില്ലാതാകുന്നത്. ധ്യാനപരിശീലനത്തില്‍നിന്നും നിങ്ങള്‍ക്കെന്തെങ്കിലും ലഭ്യമാകണമെന്ന ഉദ്ദേശ്യത്തോടെ ഇരുന്നാല്‍ നിങ്ങളുടെ ധ്യാനം ഫലവത്താവുകയില്ല.

ഫലപ്രദമാംവിധം പരിശീലിക്കുക: കൃതജ്ഞതയുടെ ഒരു മനോഭാവത്തോടെ ഇരിക്കുക. ചിന്തകള്‍ വരികയും പോവുകയും ചെയ്യും; അവയെ ആട്ടിയോടിക്കുവാനോ നിയന്ത്രിക്കുവാനോ ശ്രമിക്കാതിരിക്കുക - യാതൊരു ചെറുത്തുനില്പുമില്ലാതുള്ള വെറും നിരീക്ഷണം നിങ്ങളുടെ മനസ്സിനും ദേഹത്തിനും വളരെയേറെ ആവശ്യമായ വിശ്രമവും സ്വസ്ഥതയും കൈവരുത്തും. ഓര്‍ക്കുക, നിരീക്ഷിക്കപ്പെടുമ്പോള്‍ ചിന്തകള്‍ സ്വാഭാവികമായി അലിഞ്ഞുപോകും; സമുദ്രത്തിലെ തിരമാലകളെപ്പോലെയാണവ - അവ വരികയും പോവുകയും ചെയ്തുകൊണ്ടിരിക്കുന്നു.

6. കഫീന്‍, മദ്യം, സംസ്കരിച്ച ഭക്ഷണപദാര്‍ത്ഥങ്ങള്‍ എന്നിവ കുറയ്ക്കുക

ആഹാരക്രമത്തിന്‍റെയും പോഷകാഹാരത്തിന്‍റെയും കാര്യം വേണ്ടതുപോലെ കൈകാര്യം ചെയ്തില്ലെങ്കില്‍, ഒരു നല്ല ധ്യാനപരിശീലനത്തിന്‍റെ പ്രയോജനങ്ങള്‍ പരിമിതപ്പെട്ടുപോകുന്നു. കഫീന്‍ ഉറക്കം നഷ്ടപ്പെടുത്തുവാനും ഉല്‍ക്കണ്ഠയും അസ്വസ്ഥതയും സൃഷ്ടിക്കുവാനും സാധ്യതയുണ്ട്. മദ്യം സന്തുലനാവസ്ഥയ്ക്കും സ്ഥിരതയ്ക്കും കോട്ടം വരുത്തുവാനും നാഡികളുടെയും പേശികളുടെയും ഏകോപനത്തിന് അത്യന്താപേക്ഷിതമായ ഇലക്ട്രൊലൈറ്റുകളെയും ധാതുക്കളെയും ക്ഷയിപ്പിക്കുവാനും സാധ്യതയുണ്ട്. സംസ്കരിച്ച ഭക്ഷണമാകട്ടെ, രാസവസ്തുക്കളും കേടു വരാതിരിക്കുന്നതിനുള്ള പദാര്‍ത്ഥങ്ങളും നിറഞ്ഞതുമാണ്.

ഫലപ്രദമാംവിധം പരിശീലിക്കുക: കഫീന്‍, ലഹരിപാനീയങ്ങള്‍ എന്നിവയുടെ ഉപയോഗം കുറയ്ക്കുക. കൂടാതെ ശുദ്ധവും സംസ്കരിക്കപ്പെടാത്തതുമായ ആഹാരം ധാരാളമായി കഴിക്കുക.

7. നിങ്ങളുടെ പരിശീലനത്തെ വിലമതിക്കുക

നിങ്ങളുടെ ധ്യാനപരിശീലനത്തെ മാനിക്കുകയും അതിനു നിങ്ങളുടെ കായികപരിശീലന ദിനചര്യയ്ക്കു നിങ്ങള്‍ നല്‍കുന്ന അതേ മുന്‍ഗണന നല്‍കുകയും ചെയ്യുക എന്നത് പ്രധാനമാണ്.

ഫലപ്രദമാംവിധം പരിശീലിക്കുക: നിങ്ങളുടെ സെല്‍ഫോണും അതുപോലെ നിങ്ങളുടെ ശ്രദ്ധ വ്യതിചലിപ്പിച്ചേക്കാവുന്ന മറ്റേതൊരു സാധനവും സ്വിച്ചോഫ് ചെയ്യുക. നൂറു ശതമാനവും നിങ്ങളുടെ ധ്യാനത്തോടൊപ്പമായിരിക്കുക, അതിനെ ആദരവോടെ സമീപിക്കുകയും ഉണര്‍വോടെ അതനുഷ്ഠിക്കുകയും ചെയ്യുക.

8. ഉപേക്ഷിക്കാതിരിക്കുക

പ്രത്യക്ഷഫലങ്ങള്‍ കാണാതിരിക്കുകയും പരിശീലനത്തില്‍ നിങ്ങള്‍ക്കു സംശയം തോന്നുവാന്‍ തുടങ്ങുകയും ചെയ്താല്‍പ്പോലും, ഉപേക്ഷിക്കാതിരിക്കുക. സകാരാത്മകമായതിനെ മാത്രമേ നിങ്ങള്‍ സംശയിക്കുകയുള്ളൂ. ദീര്‍ഘകാലമായി യോഗയും ധ്യാനവും പരിശീലിക്കുന്ന മനുഷ്യരില്‍ യാതൊരുവിധ വിശ്രാന്തിപരിശീലനവും ചെയ്യാത്തവരേക്കാള്‍ വളരെയധികമളവില്‍ സജീവമായ രോഗപ്രതിരോധ ജീനുകളുണ്ടെന്ന് ഹാര്‍വാര്‍ഡ് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. അവരിതിനെ "ദ റിലാക്സേഷന്‍ എഫക്റ്റ്" എന്നാണു വിളിച്ചത്.

ഫലപ്രദമാംവിധം പരിശീലിക്കുക: അതിനോടൊപ്പംതന്നെ ഉറച്ചുനില്‍ക്കുക. നിങ്ങളുടെ ധ്യാനപരിശീലനം നിങ്ങള്‍ക്ക് പ്രകടമല്ലാത്ത അസംഖ്യം വിധങ്ങളിലും ശാരീരികവും മാനസികവും വൈകാരികവുമായ അനേകം തലങ്ങളിലും പ്രയോജനപ്പെടുന്നുണ്ട് - കേവലം വിശ്വസിക്കുക!

 

എഴുതിയത് : ആഞ്ചെല സാഹോട്ട

ആദ്യ പ്രസിദ്ധീകരണം : ഇംപാക്റ്റ് മാഗസിന്‍