ടോണി മോർസോൺന്റെ "ദി ബ്ലൂയെസ്റ്റ് ഐ" എന്ന നോവലിലെ കഥാപാത്രമായ പെൺകുട്ടി ജീവിതത്തിൽ വളരെ അസന്തുഷ്ടയായിരുന്നു. തനിക്ക് നീല നിറത്തിലുള്ള കണ്ണുകളില്ല എന്നതായിരുന്നു അവളെ അലട്ടിയിരുന്നത് . അവളുടെ കണ്ണുകൾ കറുത്തതായിരുന്നു. സന്തോഷപ്രദമായ ജീവിതവും അവൾ ആഗ്രഹിച്ചിരുന്നു, പക്ഷെ അവളുടെ ജീവിതം ദുഃഖം നിറഞ്ഞതായിരുന്നു. നിഷ്ക്രിയരായ കുടുംബാംഗങ്ങളിൽ നിന്നുമുള്ള അവഗണന മൂലം അവൾ തീർത്തും നിർബലയും അവളുടെ ആത്മാഭിമാനത്തിനു ക്ഷതവും സംഭവിച്ചു.
നമ്മളിൽ പലർക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാവാം.- സ്വന്തം വീട്ടിൽ, സ്കൂളിൽ, സഹപാഠികളുടെ ഇടയിൽ, കുടുംബാംഗങ്ങളുടെ ഇടയിൽ അങ്ങനെ പലയിടത്തും. നാം കൊള്ളരുതാത്തവരാണെന്നു സ്വയം ബോധ്യപ്പെടുത്തി ആ അസത്യത്തിന്റെ ബലിയാടുകളാകുന്നു. മികച്ച രീതിയിൽ തുടക്കം കുറിച്ചവർ പലപ്പോഴും ഒന്നോ ഒന്നിലധികം തോൽവിയിലോ തളർന്നു പോകുന്നതായി കാണുന്നുണ്ട്. എന്നാൽ മറ്റുചിലർ നിരന്തരമായ നിഷേദാത്മക ചിന്തകളാൽ അനുകൂല സാഹചര്യങ്ങൾ പോലും സ്വയം പ്രതികൂലമാക്കി മാറ്റുന്നു.
കാരണം എന്ത് തന്നെ ആയിക്കൊള്ളട്ടെ, നമ്മുടെ ആത്മവിശ്വാസം വീണ്ടെടുക്കുവാനും ആത്മാഭിമാനം പരിപോഷിപ്പിക്കുവാനും നമ്മളാൽ സാധ്യമാണ്.
നിങ്ങളുടെ ആത്മാഭിമാനം വീണ്ടെടുക്കുവാൻ ചില നിർദ്ദേശങ്ങൾ
1. സ്വയം ബലിയാടാകാതിരിക്കൂ.
അപ്രിയമായ സാഹചര്യങ്ങളെ പറ്റിയുള്ള നിരന്തര ചിന്ത നമ്മെ ബലഹീനരാക്കുന്നു. സ്വയം ബലിയാടാകാതിരിക്കൂ. ഭൂതകാലം വെറും ഒരു ദുഃസ്വപ്നം ആയിരുന്നു എന്ന് കരുതി ഒരു സിംഹത്തിന്റെ കരുത്താർജ്ജിച്ചു തലയെടുപ്പോടു കൂടി ഭാവിയിലേക്ക് ഉറ്റു നോക്കൂ.
2. പരിഹാസം, നിരാശ, തോൽവി, ഇതെല്ലം ദോഷകരമായ വൈകാരിക ഭാരം അടിച്ചേൽപ്പിക്കുന്നു.
അപ്രിയമായ ഓർമ്മകളിൽ കുടുങ്ങി കിടക്കുന്ന വികാരങ്ങൾ ആത്മാഭിമാനത്തിന്റെ അടിത്തറ ക്ഷയിപ്പിക്കുന്നു. അത്തരം വികാരങ്ങൾ ഉപേക്ഷിക്കുന്നത് ആത്മാഭിമാനം വീണ്ടെടുക്കുവാൻ സഹായിക്കുന്നു. പക്ഷെ നാളുകളേറെയായി കലുഷിതമായ മനസ്സിൽ നിന്ന് ഈ വികാരങ്ങൾ എങ്ങനെ ഒഴിഞ്ഞു പോകും! അതിനാണ് ധ്യാനം.
ധ്യാനം നിങ്ങളുടെ ആത്മാഭിമാനം ഉയർത്തുന്നു എന്നത് യാഥാർഥ്യം. ഈ പ്രക്രിയയിലൂടെ മനസ്സിന് വ്യക്തതയും ആശ്വാസവും ലഭിക്കുന്നു. മനസ്സ് ശാന്തമാകുമ്പോൾ ആത്മാഭിമാനം ഗണ്യമായി വർദ്ധിക്കുന്നു.
3. സ്വയം കുറ്റപ്പെടുത്താതിരിക്കൂ.
നമ്മുടെ നിഷേദാത്മക ചിന്തകളും സംശയങ്ങളും ആണ് നമ്മെ പലപ്പോഴും തളർത്തുന്നത്. നമ്മുടെ കുറ്റങ്ങളും കുറവുകളും പുലമ്പിക്കൊണ്ടിരിക്കുന്നതിനു പകരം അവ എങ്ങനെ നികത്താം എന്ന് ചിന്തിക്കൂ. മനസ്സിനുള്ളിലെ വിപരീത ചിന്തകളിൽ മുഴുകാതെ അവയെ നിരീക്ഷിക്കുക, അവ വിസ്മൃതിയിലേക്കു മറയും.
4. മത്സരം നിങ്ങളോട് തന്നെ ആവട്ടെ
മറ്റുള്ളവരുമായി മത്സരിക്കാൻ തുനിയുമ്പോൾ നാം നമ്മുടെ കഴിവുകൾക്കതീതമായ പ്രതീക്ഷകൾ വെച്ച് പുലർത്തുന്നു. ഇത് വളരെ ദോഷകരമായ ഒരു പ്രവണതയാണ്. അവ അനാവശ്യ ചിന്തകളെ സ്വരുക്കൂട്ടുന്നു. ഈ പ്രവണത നമ്മുടെ സന്തോഷത്തെയും കാര്യക്ഷമതയെയും കെടുത്തുന്നു.
എന്നാൽ നാം നമ്മോടു തന്നെ പൊരുതുമ്പോൾ നമ്മുടെ കാര്യക്ഷമത വർദ്ധിക്കുന്നതിനോടൊപ്പം ആത്മാഭിമാനവും ഉറച്ചതാകുന്നു. നമ്മളെ സ്വയം തൊട്ടടുത്ത വ്യക്തിയുമായി താരതമ്യം ചെയ്യാതെ, കഴിഞ്ഞുപോയ ഓരോ ദിനങ്ങളെക്കാൾ സ്വയം മെച്ചപ്പെടുത്തുവാൻ പ്രയത്നിക്കൂ.
ലേഖകൻ : അമോൽ വാഗ്ലെ, സീമ താനെധർ , ഫാക്കൾട്ടി , ആര്ട്ട് ഓഫ് ലിവിങ്ങ്