സമാധാനവും സന്തോഷവും നമ്മിൽ അന്തർലീനം എന്ന് തിരിച്ചറിയാതെ, അവയ്ക്കായി നിരന്തരം ബാഹ്യലോകത്തിൽ തിരയുന്നു. മാനസിക പിരിമുറുക്കവും ആയാസവും അവയ്ക്കു മറയായിരിക്കുന്നു. ഗുരുദേവ് ശ്രീ ശ്രീ രവി ശങ്കറിൽ നിന്നും ലഭിക്കുന്ന അറിവിൻ്റെ ഉപഹാരമായ 'സഹജ് സമാധി', ആ മറയെ നീക്കുവാൻ സഹായിക്കുന്നു. ഇത് മന്ത്രാധിഷ്ഠിതമാണ്. ജീവനകലയുടെ എല്ലാ കേന്ദ്രങ്ങളിലും ഈ ധ്യാന പ്രക്രിയ പരിശീലിപ്പിക്കുന്നു. പരിശീലനം നേടിയതിനു ശേഷം സ്വയം അഭ്യസിക്കാം. ഈ ധ്യാനം നിങ്ങളെ നിദ്രയെക്കാൾ അഗാധമായ വിശ്രമത്തിലേക്ക് നയിക്കുന്നു.
സഹജ് സമാധി സ്വാഭാവികവും ലളിതവും ആയാസരഹിതവും ആയ ധ്യാന മുറയാണ് . സഹജ് സമാധി ധ്യാന മന്ത്രം ഉരുവിടുമ്പോൾ മനസ്സിൻ്റെ ചേതന ആഴങ്ങളിൽ നില ഉറപ്പിക്കുന്നു. മനസ്സ് ശാന്തമാകുമ്പോൾ പിരിമുറുക്കവും ആയാസവും അകലുകയും, അത് വർത്തമാനകാലത്തിൽ കേന്ദ്രീകരിക്കപ്പെടുകയും ചെയ്യുന്നു. വർത്തമാനകാലത്തിൽ മനസ്സ് കേന്ദ്രീകരിക്കുമ്പോൾ മാത്രമേ യഥാർത്ഥ സന്തോഷം അനുഭവപ്പെടുകയുള്ളു. അപ്പോൾ ഭൂതകാലത്തെ ഓർത്തു പശ്ചാത്തപിക്കില്ല ഭാവിയെ പറ്റി ആശങ്കപ്പെടില്ല. സഹജ് എന്നാൽ 'സ്വാഭാവികം' സമാധി എന്നാൽ ‘നിർവൃതി’. ഈ ധ്യാന മന്ത്രത്തിലൂടെ നമ്മുടെ സഹജമായ പ്രകൃതം സ്വാഭാവികമായി കൈവരിക്കുന്നു.
എല്ലാവരും തങ്ങളുടെ ജീവിതത്തിൽ എപ്പോഴെങ്കിലും ധ്യാനാത്മകമായ ആഹ്ളാദവും സന്തോഷവും അനുഭവിച്ചിട്ടുണ്ടായിരിക്കും . അത് ഒരു വിനോദയാത്രയ്ക്കിടയിലാവാം അല്ലെങ്കിൽ ഒരു ജോലിയിൽ മുഴുകിയപ്പോൾ ആയിരുന്നിരിക്കാം. നൈമിഷികമായ ശാന്തത അനുഭവിക്കുവാൻ കഴിയുന്നു. ഈ ശാന്തത നിരന്തരം അനുഭവിക്കണം എന്ന് ആഗ്രഹമുണ്ടെങ്കിലും അത് സാദ്ധ്യമാകാറില്ല. തിരക്കേറിയ ജീവിതത്തിലും മനസ്സിൻ്റെ ശാന്തതയും ശുഷ്ക്കാന്തിയും നഷ്ടപ്പെടാതിരിക്കാൻ സഹജ് സമാധി എന്ന ശക്തമായ മന്ത്രം സഹായിക്കുന്നു.